Dec 11, 2010

കൂട്ട് !!

കൂട്ട് !!

നിഴല്‍കരങ്ങളില്‍ നിനക്കു നീട്ടുവാന്‍
നനുത്ത നൊമ്പരം വിടര്‍ന്ന പൂക്കളോ?
കരള്‍ത്തടങ്ങളില്‍ കനത്തു നോവുമെന്‍
വ്യഥ കിനാക്കള്‍ തന്‍ വ്രണിതതാരമോ?

കരങ്ങളില്‍ കത്തിയുരുകുമോര്‍മതന്‍

തിരിവിളക്കു നീ കൊളുത്തി വയ്ക്കുക!

തണുത്ത രാത്രി തന്‍ ഇരുള്‍പഥങ്ങളില്‍
നിനക്കു കൂട്ടിനായ്‌ കുറുകുമോര്‍മയില്‍
കറുത്ത വാവിലും വിരുന്നു ഞാന്‍ വരും!

നിര്‍വൃതി !!!



നിര്‍വൃതി !!!

തൂമഞ്ഞിന്‍ തീര്‍ത്ഥത്തില്‍ മുങ്ങികുളിച്ചോരാ
തുമ്പകളാരെയോ കാത്തു നിന്നു,
തുമ്പതന്‍ സ്വപ്നത്തെ ഓമനിക്കാന്‍ ‍ ഒരു
പൊന്നോണ തുമ്പിയും വന്നതില്ല.
ഊഷ്മള സ്നേഹത്തിന്‍ കുഞ്ഞിളം കൈകളാല്‍
മെല്ലെ തലോടി അടര്‍ത്തിയില്ല,
നിര്‍വൃതി പുണരുന്ന പൂവട്ടിയിലൊരു
താരാട്ടില്‍ മുങ്ങി മയങ്ങി നിന്നു,
പിന്നെയേതോ വളയിട്ട കൈകളാല്‍
പൂക്കളമായി ഒരുങ്ങി നിന്നു .
നീറും കിനാവുകള്‍ താങ്ങുവാന്‍ വയ്യാതെ
മണ്ണില്‍ അനാഥയായി വീണു തീര്‍ന്നു,
പൂപൊലി കേള്ക്കാതെ പൂക്കളം തീരാതെ
സ്വപ്നങ്ങള്‍ മണ്ണില്‍ ലയിച്ചു ചേര്ന്നു. .