Dec 20, 2010

മോഹം


ഒരു കൊച്ചുപൂവിന്റെ നേര്‍ത്ത മൌനത്തിലെ
കുളിരിടും ഈണമായ് തീര്‍ന്നുവെങ്കില്‍,

 പുലരിതന്‍ കുമ്പിളില്‍ കളകളം പാടുന്ന
കുയിലിന്റെ ഗാനമായി മാറിയെങ്കില്‍,

അതു കേട്ടൊഴുകുന്ന പുഴയുടെ തീരത്തെ

 കുളിരിടും പുല്‍ നാമ്പായി മാറിയെങ്കില്‍ ,
വാര്‍മഴവില്ലിന്റെ ചാരുതയേന്തുന്ന
 

ഒരു ചിത്രശലഭമായി പാറിയെങ്കില്‍ ,
 അറിവിന്റെ വെണ്മ ചൊരിയും നിലാവായ്  
ഇരുളിന്റെയുള്ളു തഴുകിയെങ്കില്‍ ,
ആ നിലാവിന്റെ ചിരിയില്‍ വിളങ്ങുന്ന

 ഏകാന്തതാരമായി മിന്നിയെങ്കില്‍, 
നിറയുന്ന ഈ മോഹങ്ങളെല്ലാംപതുക്കെ
വ്യഥ തന്റെ മാറോടു ചേര്ന്നു പോയാല്‍ ...
വെറുതെ കരയുവാന്‍ എന്തിനീ

മോഹങ്ങളെ ഞാന്‍ നിറച്ചിടുന്നു?

Dec 15, 2010

ചെറുത്‌!!

മാമ്പഴക്കാലം അണഞ്ഞു
ചെമ്പകം പൂത്തു മനസ്സില്‍...
മൂവാണ്ടന്‍ കായ്ചിരിക്കുന്നു
മൂത്തു പഴുത്തു നില്കുന്നു....

ചേച്ചിയുമൊത്തു ഞാന്‍ ചോട്ടില്‍ -
കാത്തു നില്‍കുന്നൊന്നതു വീഴാന്‍ ..
വായിലോരായിരം കപ്പ-

ലോടിത്തുടങ്ങിയ പോലെ ...

കൈ എത്തുമായിരുന്നെങ്കില്‍
അതൊക്കെ ഞാന്‍ കൈക്കലാക്ക്യേനേ ...
എന്നാലിതെന്തൊരു പൊക്കം
എന്നാല്‍ അസാധ്യമപ്രാപ്യം....

അണ്ണാറക്കണ്ണനും കാക്കേം
കണിറുക്കുന്നു മുകളില്‍.....
കണ്ണും തുറിച്ചിങ്ങ് ചോട്ടില്‍
നില്കുവാന്‍ മാത്രമീയുള്ളോള്

Dec 11, 2010

കൂട്ട് !!

കൂട്ട് !!

നിഴല്‍കരങ്ങളില്‍ നിനക്കു നീട്ടുവാന്‍
നനുത്ത നൊമ്പരം വിടര്‍ന്ന പൂക്കളോ?
കരള്‍ത്തടങ്ങളില്‍ കനത്തു നോവുമെന്‍
വ്യഥ കിനാക്കള്‍ തന്‍ വ്രണിതതാരമോ?

കരങ്ങളില്‍ കത്തിയുരുകുമോര്‍മതന്‍

തിരിവിളക്കു നീ കൊളുത്തി വയ്ക്കുക!

തണുത്ത രാത്രി തന്‍ ഇരുള്‍പഥങ്ങളില്‍
നിനക്കു കൂട്ടിനായ്‌ കുറുകുമോര്‍മയില്‍
കറുത്ത വാവിലും വിരുന്നു ഞാന്‍ വരും!

നിര്‍വൃതി !!!



നിര്‍വൃതി !!!

തൂമഞ്ഞിന്‍ തീര്‍ത്ഥത്തില്‍ മുങ്ങികുളിച്ചോരാ
തുമ്പകളാരെയോ കാത്തു നിന്നു,
തുമ്പതന്‍ സ്വപ്നത്തെ ഓമനിക്കാന്‍ ‍ ഒരു
പൊന്നോണ തുമ്പിയും വന്നതില്ല.
ഊഷ്മള സ്നേഹത്തിന്‍ കുഞ്ഞിളം കൈകളാല്‍
മെല്ലെ തലോടി അടര്‍ത്തിയില്ല,
നിര്‍വൃതി പുണരുന്ന പൂവട്ടിയിലൊരു
താരാട്ടില്‍ മുങ്ങി മയങ്ങി നിന്നു,
പിന്നെയേതോ വളയിട്ട കൈകളാല്‍
പൂക്കളമായി ഒരുങ്ങി നിന്നു .
നീറും കിനാവുകള്‍ താങ്ങുവാന്‍ വയ്യാതെ
മണ്ണില്‍ അനാഥയായി വീണു തീര്‍ന്നു,
പൂപൊലി കേള്ക്കാതെ പൂക്കളം തീരാതെ
സ്വപ്നങ്ങള്‍ മണ്ണില്‍ ലയിച്ചു ചേര്ന്നു. .