Oct 25, 2015

നോവ്‌   





ഒരു മലർക്കാവിൽ സുഗന്ധമായി ഞാൻ
വിരിഞ്ഞു നിൽക്കവേ,
നിറയും സ്വപ്‌നങ്ങൾ പകർന്ന തേനെല്ലാം
അവനു പങ്കിടാൻ ഒളിച്ചുവച്ചു ഞാൻ.
അധര സ്പർശത്തിൻ പകരമേകിടാൻ
നിറഞ്ഞ പൂമ്പൊടി നിനവിൽ സൂക്ഷിച്ചു.
അരികെ പാറി വന്നവനെൻ മേനിയിൽ
ചിറകുരുമ്മവേ പതറിപ്പോയി ഞാൻ ..
മധുരമൂറിടുമുടൽ കുനിഞ്ഞുപ്പോയ്,
അകം വിറക്കവേ ഇതളു കൂമ്പിപ്പോയ്.

കുനിഞ്ഞ പൂവിതൾ നിവർത്തുവാൻ -
ശ്രമിച്ചവന്റെ സങ്കൽപ്പ ചിറകൊടിഞ്ഞതും
നിമിഷങ്ങള്‍ കനത്തൊടിഞ്ഞു തീര്‍ന്നതും,
അവന്റെ പുഞ്ചിരി കറുത്തു നേര്‍ത്തതും,
മനസ്സിൻ വാതിലില്‍ തഴുതു വീണതും,                                      
അടുത്തിരുന്നിട്ടും അകലെയായതും,
അറിയവേ പാടെ തകര്‍ന്നു പോയി ഞാന്‍ .. 
 
അടഞ്ഞോരാ വാതില്‍ തുറന്നു കിട്ടുവാൻ,‍
പഠിച്ചതെല്ലാം ഹാ! പയറ്റി തോറ്റു പോയ്‌..
ഒരു ചെറുകനി വിരിഞ്ഞു കാണുവാന്‍,
പടരും നോവുമായവനെ കാത്തു -                                    
തപസ്സിരുന്നു ഞാന്‍ കരളിന്‍ ചില്ലയില്‍.

വസന്ത രാത്രികൾ, ശരത്തു, ഹേമന്തം-
ഋതുക്കളെത്രെയോ കടന്നു പോകവേ..
അവന്റെ പൂഞ്ചിറകടിയൊച്ച കേൾപ്പാൻ,
അതിൻറെ താളത്തിൽ സ്വയം സമർപ്പിക്കാൻ,
ഇവിടെകാത്തു ഞാനിരിക്കയാണല്ലോ
യുഗയുഗങ്ങളായ് ഒരേ സമാധിയിൽ...!!