Oct 25, 2015

നോവ്‌   





ഒരു മലർക്കാവിൽ സുഗന്ധമായി ഞാൻ
വിരിഞ്ഞു നിൽക്കവേ,
നിറയും സ്വപ്‌നങ്ങൾ പകർന്ന തേനെല്ലാം
അവനു പങ്കിടാൻ ഒളിച്ചുവച്ചു ഞാൻ.
അധര സ്പർശത്തിൻ പകരമേകിടാൻ
നിറഞ്ഞ പൂമ്പൊടി നിനവിൽ സൂക്ഷിച്ചു.
അരികെ പാറി വന്നവനെൻ മേനിയിൽ
ചിറകുരുമ്മവേ പതറിപ്പോയി ഞാൻ ..
മധുരമൂറിടുമുടൽ കുനിഞ്ഞുപ്പോയ്,
അകം വിറക്കവേ ഇതളു കൂമ്പിപ്പോയ്.

കുനിഞ്ഞ പൂവിതൾ നിവർത്തുവാൻ -
ശ്രമിച്ചവന്റെ സങ്കൽപ്പ ചിറകൊടിഞ്ഞതും
നിമിഷങ്ങള്‍ കനത്തൊടിഞ്ഞു തീര്‍ന്നതും,
അവന്റെ പുഞ്ചിരി കറുത്തു നേര്‍ത്തതും,
മനസ്സിൻ വാതിലില്‍ തഴുതു വീണതും,                                      
അടുത്തിരുന്നിട്ടും അകലെയായതും,
അറിയവേ പാടെ തകര്‍ന്നു പോയി ഞാന്‍ .. 
 
അടഞ്ഞോരാ വാതില്‍ തുറന്നു കിട്ടുവാൻ,‍
പഠിച്ചതെല്ലാം ഹാ! പയറ്റി തോറ്റു പോയ്‌..
ഒരു ചെറുകനി വിരിഞ്ഞു കാണുവാന്‍,
പടരും നോവുമായവനെ കാത്തു -                                    
തപസ്സിരുന്നു ഞാന്‍ കരളിന്‍ ചില്ലയില്‍.

വസന്ത രാത്രികൾ, ശരത്തു, ഹേമന്തം-
ഋതുക്കളെത്രെയോ കടന്നു പോകവേ..
അവന്റെ പൂഞ്ചിറകടിയൊച്ച കേൾപ്പാൻ,
അതിൻറെ താളത്തിൽ സ്വയം സമർപ്പിക്കാൻ,
ഇവിടെകാത്തു ഞാനിരിക്കയാണല്ലോ
യുഗയുഗങ്ങളായ് ഒരേ സമാധിയിൽ...!!

Jul 25, 2014

സ്മൃതി




ഇനി മൌനത്തിന്‍ ശ്രുതിയിലനേകം
സ്മൃതികള്‍ വീണ്ടുമുണര്‍ത്താന്‍,
പ്രിയമെന്‍ സ്നേഹത്തംബുരുവാല്‍
ഞാന്‍,പഴയൊരു ഗാനം പാടാം..
മണ്ണില്‍ വീണ മഴതുള്ളികള്‍ക്കൊ- 
ണ്ടൊരു പൂവില്‍ ചിരിയണിയാന്‍ ,
നിറദീപങ്ങള്‍ തൂകും പ്രഭയാല്‍ 
നടയില്‍ വന്നവന്‍ നില്‍ക്കെ,
അരയാലിലകള്‍ ആയിരമായിരം
ആടിയുലഞ്ഞു ചിരിക്കെ,
നിറസന്ധ്യയിലായ് പൂത്ത കടമ്പുകള്‍
കരളില്‍ കനവു നിറയ്ക്കേ..
പ്രണയം വരികളിലാകെ നിറഞ്ഞു 
നിറങ്ങള്‍ ചാര്‍ത്തി പതിയെ,
മറുമൊഴി കേട്ടുത്തളര്‍ന്നു മനവും,
മിഴികളില്‍ നനവ്‌ പടര്‍ന്നു..
അറിയുകയില്ലീ പ്രണയിനിയിവളെ
അകതാരില്‍ അവനിതുവരെയും.

കഥകള്‍ പലതുമറിഞ്ഞില്ലിവളും,
ഇനി കരയുവതെന്തിനു വെറുതെ ?
മൂകവിഷാദച്ഛായയില്‍ കനവുകള്‍ 
ഋതുഭേദങ്ങളിലലിഞ്ഞു 
ഇരുളിലടിഞ്ഞു തകര്‍ന്നയീ കോവിലില്‍ 
പ്രണയം അനര്‍ഥമാകുകയല്ലോ................

Apr 9, 2014

കൃഷ്ണാ നീ കണ്ടതില്ല ...... 



വല്ലികളാകെ നിറഞ്ഞപ്പൂക്കള്‍,നിറ -
പുഞ്ചിരി ചാര്‍ത്തും പുലരികളില്‍,
ചില്ലകള്‍ത്തോറുംക്കിളികള്‍
പറന്നുല്ലസ്സിച്ചീടും പകലുകളില്‍,
 നിന്‍ വേണു മീട്ടും ശ്രുതിയിലലിയുന്ന
 മാരിവില്‍ നാണിച്ച സന്ധ്യകളില്‍,
അമ്പിളിത്തെല്ലും നിറഞ്ഞതാരങ്ങളും
അംബരത്തില്‍ വരും രാവുകളില്‍,
കനവായ്,കവിതയായ് ഞാന്‍ നിന്റെ മുന്പില്‍
വന്നെങ്കിലും കൃഷ്ണാ നീ കണ്ടതില്ല ...

 സ്നേഹാര്‍ദ്രമായൊന്നു നോക്കിയില്ല,
അനുരാഗമോടൊന്നും മൊഴിഞ്ഞതില്ല...
കണ്ണില്‍ കരടുപോയെന്നപോല്‍ ഞാന്‍ -
നിന്‍ മുന്പില്‍, കണ്ണുംത്തിരുമ്മിക്കരഞ്ഞു പോകേ,
തെല്ലിട മൌനം കലര്‍ന്നൊരാ നേരത്തു
തെന്നല്‍ വന്നെന്നെത്തഴുകി നില്ക്കെ ...
നിന്‍ മിഴിയെന്‍ നേർക്കുയർന്നതില്ല,
എന്റെ സ്വപ്നങ്ങളെ താലോലിച്ചതില്ല....

ഗോപികളൊത്തു കളിച്ച രാവില്‍,വന-
കേളികളാടുന്ന വെണ്ണിലാവില്‍,
കാറ്റുവന്നു കുളിര്‍ പെയ്ത നേരം ,
കൈത,ചെമ്പക,മുല്ലപ്പൂ പൂത്ത നേരം...
 കാത്തിരിയ്ക്കുന്നോരീ രാധത്തന്നോരത്തു
കൃഷ്ണാ,നീവന്നണഞ്ഞതില്ലാ ....

ഉള്ളില്‍ നിന്നേതോ വികാരത്തള്ളലാല്‍-
ഞാന്‍ മിഴി വാര്‍ത്തിരിയ്ക്കേ,
അന്തരംഗത്തില്‍ നിന്നെത്മാ-
 വുമെല്ലെ മൊഴിഞ്ഞെന്നോട്,
" മിഥ്യയാണിന്നു നീ കാണും ചിത്രം,
 യാഥാര്‍ഥ്യമെത്രെയകലെ മാത്രം"....

Nov 19, 2013

സൂര്യൻ



ഭൂമിതന്‍ സന്താപഗാനങ്ങള്‍ക്കൊക്കെയും
അര്‍ക്ക, നീ സാക്ഷിയായ് നിന്നിടുന്നു..
എന്തിനീ കത്തും വെയിലുമായ് നീ -
യാകെ എരിഞ്ഞെരിഞ്ഞിടുന്നു...?
പണ്ടു നീ തൂകും പ്രഭയാല്‍ നിറഞ്ഞൊരീ
മന്നിടം ധന്യയായ് മാറിയല്ലോ...
അര്‍ക്കനാം ദേവനെന്‍ വീഥീയിലുള്ളൊരു
അന്ധകാരത്തെയകറ്റിനിന്നു ....
ഭൂമിയിലെന്നും വിടരുന്ന പൂക്കളില്‍
സ്വപ്നമായ് നീയുമുണര്‍ന്നിരുന്നു..
ഇന്നു ധരണിയെയാകെ വലയ്ക്കുന്നു,
ചിത്തേ ജരാനര വന്നുതീര്‍ന്നോ ?
എല്ലാം വെടിഞ്ഞു ജ്വലിക്കയാണോ, രവി-
എന്തിനായിങ്ങനെ ചെയ്തിടുന്നു?
പറവകളെല്ലാം പാറിപറന്നു പോയ്‌
ആകാശ വീഥിയും വിജനമായി...
ഒരു ദിനം കൂടി കൊഴിഞ്ഞു വീഴാറായി
ആഴിയിലേയ്ക്കു നീ പോകയാണോ?
നാളെ വരില്ലേ നീ കാലമേ,നന്മതന്‍
ദീപം തെളിയിക്കാന്‍ എന്നിലായി... !!

Jul 18, 2012

നായകന്‍


ഒരു നാളിലീക്കളിത്തട്ടിന്റെ നായകന്‍
നീ ആയിരുന്നുവെന്നാരറിഞ്ഞു  ?
ഒരു വേള എന്നിലെ തരളമാം തന്ത്രിയെ
തഴുകിയ ഗാനം നീ മൂളിയെന്നോ?
ഒരു മാത്ര ഏതോ വികാരത്തിലെന്‍ മനമന്നു
അതിഗൂഡമായ്  നീ അറിഞ്ഞുവെന്നോ ?
ഒരു നിമിഷമെന്നിലെ ചിരിയില്‍ തളിരിട്ട
പനിനീര്‍പൂ നീയെന്നതാര് ചൊല്ലി ?
പുല്ലിന്‍ തലപ്പിലെ തൂമഞ്ഞുതുള്ളിയും
പൂക്കളും ഈണങ്ങള്‍ ഏറ്റുചൊല്ലി ..
സീമന്തരേഖയില്‍ തൂകുവാന്‍ സന്ധ്യയ്ക്കു
സൂര്യനെ പോല്‍ ജ്വലിച്ചു നിന്നു..
അന്ധകാരത്തില്‍ വിളക്കു കൊളുത്തി നീ
ഹര്ഷബാഷ്പങ്ങള്‍  വിരിയിച്ചു നീ..
ഈറനാം യാമിനി പോലും നിശബ്ദമായ്
ഇന്ദുവിന്‍ ചന്തവും നോക്കി നിന്നു.
അകതാരില്‍ പ്രേമാംശു  തുള്ളിതുളുംബവേ
പരിഭവം മെല്ലെ തിരഞ്ഞു വന്നു..
അറിയാതെ എന്നിലെ പ്രണയ ശീല്ക്കാരത്തെ
പുണര്ന്നോരാ കമ്പളം കീറി നീയും, 
അനുരാഗമന്നു പകര്‍ന്നൊരു ഓര്‍മ്മകള്‍
അന്ധതയെന്നു നീ പറഞ്ഞു പിന്നെ..
നിറയും മിഴികള്‍ തന്‍ നിദ്രയെ പുല്‍കിയ
മൃതിയേയും ഞാനിന്നു ഏറ്റു വാങ്ങി .
തളിരിട്ട മോഹത്തിന്‍ പൂവുകള്‍ ഓരോന്നും
താഴെയീ മണ്ണില്‍ ലയിച്ചു ചേര്ന്നു.   

Mar 18, 2012

വിടെയും തീരാത്ത പാതതന്‍ ഓരത്തെ
പാതിര ചില്ലയും പൂത്തുലഞ്ഞു.
ആത്മഹര്‍ഷത്തിന്റെ പാചകശാലയില്‍
പുകയുടെ മണ്ഡപം പണിതുയര്‍ന്നു.
എവിടെയും മറയാത്ത സ്മരണതന്‍ പുഞ്ചിരി
തെല്ലിടെ പിന്നെയും മിന്നലായ്.
മാനസശില്പിതന്‍ മനമതറിയാതെ
വിടരുമീ പുഷ്പവും വിളറിയെന്നോ?
വിട തരും വിങ്ങലിന്‍ മന്ദസ്മിതത്തിന്റെ
മന്ദാരപുഷ്പവും മണ്ണടിഞ്ഞു..

Mar 17, 2012

രോദനം..!!
ഓടക്കുഴല്‍  വിളി കേള്‍ക്കാന്‍  കൊതിച്ചെന്റെ

 ആത്മാവ് പോലും വിതുമ്പി നില്‍ക്കെ,


 പഞ്ചമം പാടുന്ന പൂങ്കുയില്‍ നാദങ്ങ-

 ളില്ല വസന്തം വിടര്ത്തിയില്ല...


കണ്ണന്റെ കാലൊച്ച കേള്‍ക്കാന്‍ കൊതിയോടെ 

ഇന്നുമീ രാധയലഞ്ഞിടുന്നു.. 


അന്തപുരത്തില്‍ മയങ്ങുന്ന കണ്ണാ നീ,


ഈ കണ്ണുനീരെങ്ങിനെ കണ്ടീടുവാന്‍?

Feb 12, 2012

കനത്തമാരി..!!
കറുത്തവാവിന്നു-കറുത്ത കാര്‍മുകില്‍
ചിറ തകര്‍ത്തു വന്നിരമ്പും പേമാരി.
വഴിവിളക്കുകളണഞ്ഞു പോകവേ,
പ്രണയം ദുഖമായ് തിരയടിക്കവേ,
മരണരാഗങ്ങളൊഴുക്കും തംബുരു
മനസ്സില്‍ മീട്ടുവാന്‍ മഴവന്നെത്തിയോ ?
കറുത്തവാവിന്നു-മുടിയഴിച്ചിട്ട് വിറച്ചു
നില്‍ക്കുന്നു നനഞ്ഞ യാമിനി.
തണുത്തകാറ്റുമീ ഇടിമുഴക്കവും
നിശാന്തയാമത്തില്‍ തുടിമുഴക്കുന്നു.
നശിച്ചോരീയലിന്‍ ദുഷിച്ച ഗന്ധവും
അടഞ്ഞ മച്ചില്‍ വന്നടിഞ്ഞു കൂടുന്നു.
അറിയുന്നേന്‍ സത്യമൊരിക്കല്‍ കൂടി ഞാന്‍
അണപൊട്ടി എന്നിലൊഴുകുന്നേന്‍ ദുഃഖം
ഉണരുന്നേന്‍ എന്നിലൊരു മൊഴി ഞാനി-
ന്നറിയുന്നേന്‍ സത്യമിതൊന്നു മാത്രമാം
പ്രണയരാഗങ്ങള്‍ മുറുകിടുമ്പോഴും
പണിതു തീരാത്തൊരടുപ്പിലെ നീറും-
വിറകുപോലെ നാം എരിഞ്ഞിടെണ്ടവര്‍.
നിറച്ച മോഹങ്ങള്‍ ഉണര്‍ത്തുവാന്‍ പോലും
കഴിഞ്ഞിടാതെ നാം ഇരുട്ടിലാഴുന്നു..
തനിച്ചു രാത്രി ഞാന്‍ തളര്‍ന്നുറങ്ങുമ്പോള്‍
കൊതിച്ച സ്വപ്നവും പൊലിഞ്ഞു പോകുന്നു.
കരുണവറ്റുമീയരണ്ട സ്നേഹത്തിന്‍
കരിന്തിരിയിനി കെടാറായെങ്കിലും,
കിഴക്കുദിക്കെന്നും വിരിയും പൂക്കളില്‍
ഉണര്‍ത്തു പാട്ടുമായ് വരുന്നു ദേവനും...!!

Dec 18, 2011

പൂന്തോട്ടം ..!!




എന്റെ മനസ്സിന്റെ വിങ്ങലാല്‍ ഞാനൊരു
നല്ല പൂന്തോട്ടം പണി കഴിച്ചു.

എന്നെന്നുമെന്നിലെ അശ്രു ബിന്ദുക്കളാല്‍
ഞാനെന്‍ മലര്‍വാടി നനച്ചു പോന്നു.

എന്നാത്മ ദുഖങ്ങളാകും വളങ്ങളാല്‍
എല്ലാ ചെടികളും ഞാന്‍ വളര്‍ത്തി.

എന്റെ നെടുവീര്‍പ്പുകളാ മലര്കാവിലോ
മന്ദാനിലന്‍ പോല്‍ തഴുകിനിന്നു .

മുല്ലയും പിച്ചിയും ചെമ്പനീര്‍ പൂക്കളും
എന്റെ പൂങ്കാവില്‍ സുഗന്ധമേകി.

അല്ലിയും, ലില്ലിയും, ചെമന്തിയും,
നല്ല ചെത്തിയും, മന്ദാര കോളാമ്പിയും
എന്റെ വനജോത്സ്ന്യക്കു വര്‍ണമേകി ..

ആദിത്യദേവന്റെ ശോഭ തോറ്റീടുന്ന .
സൂര്യകാന്തിപൂക്കള്‍ പുഞ്ചിരിച്ചു .

എന്റെ മലര്‍വാടി തന്നിലെ പൂവില്‍ ഞാന്‍
എന്റെ മോഹങ്ങള്‍ നിറച്ചുവച്ചു.

പിന്നെയേതോ,പ്രഭാതത്തിലെന്‍ മോഹങ്ങള്‍
പൂവിന്‍ ദളം പോല്‍ നിലത്തു വീണു.

എന്റെ സ്വപ്നങ്ങളും എന്റെ മോഹങ്ങളും
ദുഖവും മണ്ണില്‍ ലയിച്ചു ചേര്‍ന്നു..!!

Nov 10, 2011

വിസ്മൃതി..!!

വിടേ ഞാനേകയരികിലെ നെയ്‌ വിള-
ക്കെരിയവേ
നാളം പതുക്കെതാഴവേ
അരികെയെതോ വസന്തത്തിന്‍ നറുമണം,
അകലാതെ നില്പൂ മനസ്സിന്റെയുള്ളില്‍.
പകുതിവെന്ത കരളിലെ കനവുമായി,
കവിതതന്‍ കുന്നു കേറി തളരവേ ..
ചുടലയില്‍ തണുപ്പേകുന്ന പാല പോല്‍,
കരളിലീറന്‍ പരിമളം തൂകി നീ..
നിറയുമീ കണ്ണുനീര്‍ തുള്ളികള്‍ -
കരളിലായ് ഒരു ചാലു തീര്‍ക്കുമ്പോഴോ
കവിളിലെയിരുള് കീറുവാന്‍ ,
ചിരി പൊഴിക്കുന്ന പൂര്‍ണേന്ദുവാകുവാന്‍,
ഈ പിഴക്കാത്ത ചിന്തതന്‍ പട്ടുനൂല്‍-
പുടവനെയ്യാന്‍ പുഴുക്കളെ തന്നു നീ..
പഴകി ജീര്‍ണമാം നിന്റെ ഉടുപ്പുകള്‍
പല നിറങ്ങളില്‍ തുന്നി അന്നങ്ങു ഞാന്‍.
തിരയുവാന്‍ ഒരു കാരണമായതോ
പകുതി പൊട്ടിയ സ്വപ്നകുടുക്കകള്‍.
എവിടെ വച്ചു തുടങ്ങി നീ ഭീകര
നടനമാടുവാന്‍,നാഗം ധരിക്കുവാന്‍?
പ്രണയ സന്ധ്യ തുള്ളിതുളുമ്പുന്ന നിറങ്ങള്‍
എല്ലാം കറുത്ത വാവാകുവാന്‍
അറിയുകില്ല ഞാനിന്നു നിന്‍ ചീന്തിയ
പഴയ കുപ്പായങ്ങള്‍ നോക്കിയിരിപ്പവള്‍
എവിടെ നിന്നു വരുന്നു ഈ പൂമണം,
പറയുവാന്‍ എന്റെ വിസ്മൃതി തേങ്ങിയോ?

Oct 19, 2011




നീ തന്ന സ്വപ്ന കിരീടത്തിലൊക്കെയും
നോവിന്റെ മുള്ളുകള്‍ ആയിരുന്നു,
നീ തന്ന്‍ പുഞ്ചിരി പൂക്കളിലൊക്കെയും
സ്വാര്‍ഥതന്‍ വിഷമയമായിരുന്നു.
നീ തന്ന പ്രേമ പുലരിയിലൊെക്കയും
കത്തുന്ന ഗ്രീഷ്മം തുടിച്ചിരുന്നു.
നീ തന്ന നോക്കിന്റെ സൂചി മുനകളില്‍

നീറുന്ന ക്രൂരത ഒളിച്ചിരുന്നു.

ആത്മാവിന്‍ ഹരിത വനത്തില്‍ നിനകായ്‌

പൂവിട്ട സ്വപ്നം കൊഴിഞ്ഞു പോയി..
ആശതന്‍ താളില്‍ നിനക്കായ്‌ എഴുതിയ
കവിതകളൊക്കെയും മാഞ്ഞുപോയി..

ആകയാല്‍ ഇന്നു ഞാന്‍ നിനേക്ക-
കുന്നതും ഈ കറുെപഴും വരികള്‍ മാത്രം ...!!

Oct 18, 2011

സന്ധ്യ

ഒടുവിലീ പടിവാതിലെത്ത്തി നീ സന്ധ്യേ
ഓളങ്ങള്‍ തെല്ലോഴിയാതെ...
ഒരു ഗാനമിന്നെന്റെ ചുണ്ടില്‍ വരച്ചു നീ
ഒരിടവേള തന്നു ചിരിക്കാന്‍....
ഉണരുമീ ഗാനകല്ലോലമെത്രെയോ
ഒരു തുടി മുഴക്കാനിരിക്കെ,
ഒരു വേളയെന്തിനീ വീഥിയില്‍ വന്നു നീ
തഴുകുന്നു കാറ്റിലായ്‌ മെല്ലെ..

Sep 30, 2011

വെളിച്ചം!!

സ്മൃതിയില്‍ ജീവിത മരണഗീതികള്‍
ചുരുളഴിച്ചെന്നില്‍ ലയിച്ചിടുന്നേരം,
ഒരുനാള്‍ വീഥിയില്‍ വെളിച്ചമേകുവാന്‍
കടന്നുവന്നവന്‍ നിഴലായ് നിന്നു..
ഉണരും വാക്കിന്റെ പൊരുളറിയുമ്പോള്‍
ഉരുകിവീണു ഞാന്‍ അലിഞ്ഞുപോകവേ,
ഒരു കളരവം മുഴുക്കിയെന്നുടെ ജനല്‍ച്ചില്ലില്‍
മഞ്ഞക്കിളി വന്നു ചൊല്ലി :
"അരുത് കണ്ണീരില്‍ അലിയരുത് നീ,
മിഴിവിളക്കൊന്നു കൊളുത്തി വക്കുക .
പകര്‍ത്തുക ചെറു വെളിച്ചം നിന്നുടെ
നിഴലിലും,നീലനിശയിലും മെല്ലെ"..

Sep 19, 2011

ശയ്യ..!!


എന്നെ തിരഞ്ഞിട്ടലഞ്ഞീടരുതെന്ന
വാക്കിന്നരങ്ങളെ നീയറിഞ്ഞീടുക.
എങ്ങു നീയെങ്ങുനീയെന്നു തപിക്കുന്ന

നിന്റെ മനസ്സിനെ മെല്ലെ ശപിക്കുക.

ഇന്നെന്റെ ചെപ്പിലനേകം ചുഴിയിലായ്

ചുറ്റിപിണയും പുതപ്പൊന്നു മാത്രമാം.

ഇപ്പോള്‍ വസന്തമില്ലിറ്റു വെള്ളത്തിനായ്‌

കേഴുന്ന എന്നെ തിരിച്ചറിഞ്ഞീടുക.

ഏതോ കിളിമകള്‍ പാടാന്‍ മറന്നുപോം

തെക്കോട്ടൊഴുകുന്ന ഗാനവും ഈണവും.

എന്റെ ബാല്യം ഏറെ കവര്‍ന്നോരാ-

ഒട്ടുമാവിന്‍ സുഗന്ധവുമേറുന്നു.

ചുറ്റുമെന്തിനോ തിങ്ങിനിന്നിട്ടെന്റെ

ശയ്യ നോക്കി കരയുന്നിതുറ്റവര്‍.

അഗ്നിതന്‍ നെഞ്ചിലൂറും ചുവപ്പില്‍ നീ

ആളുന്ന മൂകത തെല്ലു ശ്വസിക്കുക.

എന്നില്‍ പടരും കനലാണു നീയെങ്കില്‍,

നിന്റെ കണ്ണീര്‍ ഞാന്‍ ഉണക്കുവതെങ്ങിനെ?

എന്റെ ഏകാന്തത ആള്തിരക്കാകവേ

നിന്റെ മൌനത്തില്‍ ഞാന്‍ കൂട്ടാവതെങ്ങിനെ ?

എന്നെ
തിരഞ്ഞിടായ്കെന്ന ഉള് വിളി-

യെന്റെതു മാത്രമായ് നീയെടുത്തീടുക,

നിന്നിലെ എന്നെ തിരിച്ചറിഞ്ഞീടുക....!!!

Aug 9, 2011

കണ്ണുപൊത്തിക്കളി..

കണ്ണുപൊത്തിക്കളി..



കുഞ്ഞിളം കൈകളാല്‍ കണ്ണുപൊത്തി കൊണ്ടൊ-
രുണ്ണിയും വേഗം കളി തുടങ്ങി.
മറ്റുള്ള കുട്ടികള്‍ ഓടിയൊളിക്കുവാന്‍-
വേഗം കുതറി ചിതറിയോടി.
കണ്ണുമടച്ചങ്ങു നിന്നെണ്ണുമൊരാള്‍ മറ്റു -
കുഞ്ഞുങ്ങള്‍ വേഗം ഒളിച്ചിരിന്നു.
ചെറു കണ്ണിലായ് കൌതുകം നിവര്‍ന്നു നില്‍പ്പു,
അവര്‍, വീര്‍പ്പുമുട്ടല്‍ തുടങ്ങിവെയ്പ്പു.
കാണാതെ വന്നു തൊടുമ്പോളൊരു കടം
കണ്ടാലോ പിന്നെ കണ്‍പൊത്തലാണേ .
കാണാന്‍ രസമാണീ കുട്ടികളി,
കുട്ടികള്‍ തന്‍ ചെറു ഞെട്ടിത്തരി..
തൊട്ടവര്‍ പൊട്ടിചിരിച്ചു തിമിര്‍ക്കുമ്പോള്‍ ,
തോറ്റവര്‍ പൊട്ടികരഞ്ഞിടുന്നു.
ശണ്ഠ കൂടുന്നു പരസ്പരം പിന്നെയും,
ബന്ധം പിടിക്കും കളിതുടരും .
കുട്ടികളിങ്ങനെ തല്ലിയും, തര്കിച്ചും,
ഇഷ്ടം കലര്‍ന്നും കളിച്ചിടുമ്പോള്‍
ഈ അരയാലിന്‍ തണലത്തിരിക്കുമെന്‍
കണ്ണും,കരളും നിറഞ്ഞിടുന്നു .
നമ്മള്‍ തന്‍ ജീവിതമെല്ലാമിതുപോലെ
കേവലമായ വിനോദമല്ലോ.
പൊട്ടിച്ചിരിയും കരച്ചിലും ചേര്‍ന്ന കണ്‍ -
കെട്ടികളിയാണെന്നോര്‍ത്തു പോയി..