Apr 7, 2011

കരിഞ്ഞ കിനാക്കള്‍.....!!


കരിഞ്ഞ കിനാക്കള്‍.....!!



ഇവിടെയെങ്ങുമേ മീനമാസത്തിലെ
പൊരിവെയിലില്‍ കരിയുന്നു സര്‍വവും
നനുനനെ പൂത്ത സ്വപ്നം പടര്‍ന്നോരെന്‍
മനമെവിടെ എന്‍ ആത്മാവുമെങ്ങു പോയ്‌ ?
എവിടെയെന്‍ മിഴിമുന്നില്‍ ഞാന്‍ വച്ചതാം
പലവെളുത്ത കടലാസു പാളികള്‍?
എവിടെയെന്‍ കുഞ്ഞു പെന്‍സിലും,പേനയും
എഴുതുവാനൊരുകൂട്ടം കിനാക്കളും?
കരിപുരണ്ടുവോ മാമകരാഗങ്ങള്‍ ഒരു -
കഥമെനഞ്ഞുവോ മാമകചിത്തവും ?
എവിടെയെന്‍ കണ്ഠനാളത്തിലൂറിയ
ലളിതമാം ഗാനകല്ലോല വീചികള്‍?
മനമലിഞ്ഞൊന്നു പൊട്ടിച്ചിരിക്കുവാന്‍
മധുരസങ്കല്‍പ ഗോപുരങ്ങള്‍ കെട്ടി
നിഴലറിയാതെ ചാഞ്ഞു മയങ്ങുവാന്‍
കഴിവതില്ലയോ മറ്റൊരു നാളിലും??