Sep 30, 2011

വെളിച്ചം!!

സ്മൃതിയില്‍ ജീവിത മരണഗീതികള്‍
ചുരുളഴിച്ചെന്നില്‍ ലയിച്ചിടുന്നേരം,
ഒരുനാള്‍ വീഥിയില്‍ വെളിച്ചമേകുവാന്‍
കടന്നുവന്നവന്‍ നിഴലായ് നിന്നു..
ഉണരും വാക്കിന്റെ പൊരുളറിയുമ്പോള്‍
ഉരുകിവീണു ഞാന്‍ അലിഞ്ഞുപോകവേ,
ഒരു കളരവം മുഴുക്കിയെന്നുടെ ജനല്‍ച്ചില്ലില്‍
മഞ്ഞക്കിളി വന്നു ചൊല്ലി :
"അരുത് കണ്ണീരില്‍ അലിയരുത് നീ,
മിഴിവിളക്കൊന്നു കൊളുത്തി വക്കുക .
പകര്‍ത്തുക ചെറു വെളിച്ചം നിന്നുടെ
നിഴലിലും,നീലനിശയിലും മെല്ലെ"..

Sep 19, 2011

ശയ്യ..!!


എന്നെ തിരഞ്ഞിട്ടലഞ്ഞീടരുതെന്ന
വാക്കിന്നരങ്ങളെ നീയറിഞ്ഞീടുക.
എങ്ങു നീയെങ്ങുനീയെന്നു തപിക്കുന്ന

നിന്റെ മനസ്സിനെ മെല്ലെ ശപിക്കുക.

ഇന്നെന്റെ ചെപ്പിലനേകം ചുഴിയിലായ്

ചുറ്റിപിണയും പുതപ്പൊന്നു മാത്രമാം.

ഇപ്പോള്‍ വസന്തമില്ലിറ്റു വെള്ളത്തിനായ്‌

കേഴുന്ന എന്നെ തിരിച്ചറിഞ്ഞീടുക.

ഏതോ കിളിമകള്‍ പാടാന്‍ മറന്നുപോം

തെക്കോട്ടൊഴുകുന്ന ഗാനവും ഈണവും.

എന്റെ ബാല്യം ഏറെ കവര്‍ന്നോരാ-

ഒട്ടുമാവിന്‍ സുഗന്ധവുമേറുന്നു.

ചുറ്റുമെന്തിനോ തിങ്ങിനിന്നിട്ടെന്റെ

ശയ്യ നോക്കി കരയുന്നിതുറ്റവര്‍.

അഗ്നിതന്‍ നെഞ്ചിലൂറും ചുവപ്പില്‍ നീ

ആളുന്ന മൂകത തെല്ലു ശ്വസിക്കുക.

എന്നില്‍ പടരും കനലാണു നീയെങ്കില്‍,

നിന്റെ കണ്ണീര്‍ ഞാന്‍ ഉണക്കുവതെങ്ങിനെ?

എന്റെ ഏകാന്തത ആള്തിരക്കാകവേ

നിന്റെ മൌനത്തില്‍ ഞാന്‍ കൂട്ടാവതെങ്ങിനെ ?

എന്നെ
തിരഞ്ഞിടായ്കെന്ന ഉള് വിളി-

യെന്റെതു മാത്രമായ് നീയെടുത്തീടുക,

നിന്നിലെ എന്നെ തിരിച്ചറിഞ്ഞീടുക....!!!