Jul 25, 2014

സ്മൃതി




ഇനി മൌനത്തിന്‍ ശ്രുതിയിലനേകം
സ്മൃതികള്‍ വീണ്ടുമുണര്‍ത്താന്‍,
പ്രിയമെന്‍ സ്നേഹത്തംബുരുവാല്‍
ഞാന്‍,പഴയൊരു ഗാനം പാടാം..
മണ്ണില്‍ വീണ മഴതുള്ളികള്‍ക്കൊ- 
ണ്ടൊരു പൂവില്‍ ചിരിയണിയാന്‍ ,
നിറദീപങ്ങള്‍ തൂകും പ്രഭയാല്‍ 
നടയില്‍ വന്നവന്‍ നില്‍ക്കെ,
അരയാലിലകള്‍ ആയിരമായിരം
ആടിയുലഞ്ഞു ചിരിക്കെ,
നിറസന്ധ്യയിലായ് പൂത്ത കടമ്പുകള്‍
കരളില്‍ കനവു നിറയ്ക്കേ..
പ്രണയം വരികളിലാകെ നിറഞ്ഞു 
നിറങ്ങള്‍ ചാര്‍ത്തി പതിയെ,
മറുമൊഴി കേട്ടുത്തളര്‍ന്നു മനവും,
മിഴികളില്‍ നനവ്‌ പടര്‍ന്നു..
അറിയുകയില്ലീ പ്രണയിനിയിവളെ
അകതാരില്‍ അവനിതുവരെയും.

കഥകള്‍ പലതുമറിഞ്ഞില്ലിവളും,
ഇനി കരയുവതെന്തിനു വെറുതെ ?
മൂകവിഷാദച്ഛായയില്‍ കനവുകള്‍ 
ഋതുഭേദങ്ങളിലലിഞ്ഞു 
ഇരുളിലടിഞ്ഞു തകര്‍ന്നയീ കോവിലില്‍ 
പ്രണയം അനര്‍ഥമാകുകയല്ലോ................

Apr 9, 2014

കൃഷ്ണാ നീ കണ്ടതില്ല ...... 



വല്ലികളാകെ നിറഞ്ഞപ്പൂക്കള്‍,നിറ -
പുഞ്ചിരി ചാര്‍ത്തും പുലരികളില്‍,
ചില്ലകള്‍ത്തോറുംക്കിളികള്‍
പറന്നുല്ലസ്സിച്ചീടും പകലുകളില്‍,
 നിന്‍ വേണു മീട്ടും ശ്രുതിയിലലിയുന്ന
 മാരിവില്‍ നാണിച്ച സന്ധ്യകളില്‍,
അമ്പിളിത്തെല്ലും നിറഞ്ഞതാരങ്ങളും
അംബരത്തില്‍ വരും രാവുകളില്‍,
കനവായ്,കവിതയായ് ഞാന്‍ നിന്റെ മുന്പില്‍
വന്നെങ്കിലും കൃഷ്ണാ നീ കണ്ടതില്ല ...

 സ്നേഹാര്‍ദ്രമായൊന്നു നോക്കിയില്ല,
അനുരാഗമോടൊന്നും മൊഴിഞ്ഞതില്ല...
കണ്ണില്‍ കരടുപോയെന്നപോല്‍ ഞാന്‍ -
നിന്‍ മുന്പില്‍, കണ്ണുംത്തിരുമ്മിക്കരഞ്ഞു പോകേ,
തെല്ലിട മൌനം കലര്‍ന്നൊരാ നേരത്തു
തെന്നല്‍ വന്നെന്നെത്തഴുകി നില്ക്കെ ...
നിന്‍ മിഴിയെന്‍ നേർക്കുയർന്നതില്ല,
എന്റെ സ്വപ്നങ്ങളെ താലോലിച്ചതില്ല....

ഗോപികളൊത്തു കളിച്ച രാവില്‍,വന-
കേളികളാടുന്ന വെണ്ണിലാവില്‍,
കാറ്റുവന്നു കുളിര്‍ പെയ്ത നേരം ,
കൈത,ചെമ്പക,മുല്ലപ്പൂ പൂത്ത നേരം...
 കാത്തിരിയ്ക്കുന്നോരീ രാധത്തന്നോരത്തു
കൃഷ്ണാ,നീവന്നണഞ്ഞതില്ലാ ....

ഉള്ളില്‍ നിന്നേതോ വികാരത്തള്ളലാല്‍-
ഞാന്‍ മിഴി വാര്‍ത്തിരിയ്ക്കേ,
അന്തരംഗത്തില്‍ നിന്നെത്മാ-
 വുമെല്ലെ മൊഴിഞ്ഞെന്നോട്,
" മിഥ്യയാണിന്നു നീ കാണും ചിത്രം,
 യാഥാര്‍ഥ്യമെത്രെയകലെ മാത്രം"....