Feb 12, 2012

കനത്തമാരി..!!
കറുത്തവാവിന്നു-കറുത്ത കാര്‍മുകില്‍
ചിറ തകര്‍ത്തു വന്നിരമ്പും പേമാരി.
വഴിവിളക്കുകളണഞ്ഞു പോകവേ,
പ്രണയം ദുഖമായ് തിരയടിക്കവേ,
മരണരാഗങ്ങളൊഴുക്കും തംബുരു
മനസ്സില്‍ മീട്ടുവാന്‍ മഴവന്നെത്തിയോ ?
കറുത്തവാവിന്നു-മുടിയഴിച്ചിട്ട് വിറച്ചു
നില്‍ക്കുന്നു നനഞ്ഞ യാമിനി.
തണുത്തകാറ്റുമീ ഇടിമുഴക്കവും
നിശാന്തയാമത്തില്‍ തുടിമുഴക്കുന്നു.
നശിച്ചോരീയലിന്‍ ദുഷിച്ച ഗന്ധവും
അടഞ്ഞ മച്ചില്‍ വന്നടിഞ്ഞു കൂടുന്നു.
അറിയുന്നേന്‍ സത്യമൊരിക്കല്‍ കൂടി ഞാന്‍
അണപൊട്ടി എന്നിലൊഴുകുന്നേന്‍ ദുഃഖം
ഉണരുന്നേന്‍ എന്നിലൊരു മൊഴി ഞാനി-
ന്നറിയുന്നേന്‍ സത്യമിതൊന്നു മാത്രമാം
പ്രണയരാഗങ്ങള്‍ മുറുകിടുമ്പോഴും
പണിതു തീരാത്തൊരടുപ്പിലെ നീറും-
വിറകുപോലെ നാം എരിഞ്ഞിടെണ്ടവര്‍.
നിറച്ച മോഹങ്ങള്‍ ഉണര്‍ത്തുവാന്‍ പോലും
കഴിഞ്ഞിടാതെ നാം ഇരുട്ടിലാഴുന്നു..
തനിച്ചു രാത്രി ഞാന്‍ തളര്‍ന്നുറങ്ങുമ്പോള്‍
കൊതിച്ച സ്വപ്നവും പൊലിഞ്ഞു പോകുന്നു.
കരുണവറ്റുമീയരണ്ട സ്നേഹത്തിന്‍
കരിന്തിരിയിനി കെടാറായെങ്കിലും,
കിഴക്കുദിക്കെന്നും വിരിയും പൂക്കളില്‍
ഉണര്‍ത്തു പാട്ടുമായ് വരുന്നു ദേവനും...!!

2 comments:

  1. :))
    പ്രളയദിനാശംസകള്‍-ഹ്ഹ്ഹി!!

    പ്രണയം മരിക്കില്ലൊരിക്കലും എന്നത് തന്നെ പ്രണയകവിതകളുടെ പ്രസക്തി!!


    അക്ഷരത്തെറ്റുകള്‍ ശരിയായല്ലോ!

    ReplyDelete
  2. വരികളിലെ പ്രണയം തിരിച്ചറിയുന്നു. മനോഹരമായ ചിത്രം.
    സസ്നേഹം,
    അനു

    ReplyDelete