Jul 18, 2012

നായകന്‍


ഒരു നാളിലീക്കളിത്തട്ടിന്റെ നായകന്‍
നീ ആയിരുന്നുവെന്നാരറിഞ്ഞു  ?
ഒരു വേള എന്നിലെ തരളമാം തന്ത്രിയെ
തഴുകിയ ഗാനം നീ മൂളിയെന്നോ?
ഒരു മാത്ര ഏതോ വികാരത്തിലെന്‍ മനമന്നു
അതിഗൂഡമായ്  നീ അറിഞ്ഞുവെന്നോ ?
ഒരു നിമിഷമെന്നിലെ ചിരിയില്‍ തളിരിട്ട
പനിനീര്‍പൂ നീയെന്നതാര് ചൊല്ലി ?
പുല്ലിന്‍ തലപ്പിലെ തൂമഞ്ഞുതുള്ളിയും
പൂക്കളും ഈണങ്ങള്‍ ഏറ്റുചൊല്ലി ..
സീമന്തരേഖയില്‍ തൂകുവാന്‍ സന്ധ്യയ്ക്കു
സൂര്യനെ പോല്‍ ജ്വലിച്ചു നിന്നു..
അന്ധകാരത്തില്‍ വിളക്കു കൊളുത്തി നീ
ഹര്ഷബാഷ്പങ്ങള്‍  വിരിയിച്ചു നീ..
ഈറനാം യാമിനി പോലും നിശബ്ദമായ്
ഇന്ദുവിന്‍ ചന്തവും നോക്കി നിന്നു.
അകതാരില്‍ പ്രേമാംശു  തുള്ളിതുളുംബവേ
പരിഭവം മെല്ലെ തിരഞ്ഞു വന്നു..
അറിയാതെ എന്നിലെ പ്രണയ ശീല്ക്കാരത്തെ
പുണര്ന്നോരാ കമ്പളം കീറി നീയും, 
അനുരാഗമന്നു പകര്‍ന്നൊരു ഓര്‍മ്മകള്‍
അന്ധതയെന്നു നീ പറഞ്ഞു പിന്നെ..
നിറയും മിഴികള്‍ തന്‍ നിദ്രയെ പുല്‍കിയ
മൃതിയേയും ഞാനിന്നു ഏറ്റു വാങ്ങി .
തളിരിട്ട മോഹത്തിന്‍ പൂവുകള്‍ ഓരോന്നും
താഴെയീ മണ്ണില്‍ ലയിച്ചു ചേര്ന്നു.   

Mar 18, 2012

വിടെയും തീരാത്ത പാതതന്‍ ഓരത്തെ
പാതിര ചില്ലയും പൂത്തുലഞ്ഞു.
ആത്മഹര്‍ഷത്തിന്റെ പാചകശാലയില്‍
പുകയുടെ മണ്ഡപം പണിതുയര്‍ന്നു.
എവിടെയും മറയാത്ത സ്മരണതന്‍ പുഞ്ചിരി
തെല്ലിടെ പിന്നെയും മിന്നലായ്.
മാനസശില്പിതന്‍ മനമതറിയാതെ
വിടരുമീ പുഷ്പവും വിളറിയെന്നോ?
വിട തരും വിങ്ങലിന്‍ മന്ദസ്മിതത്തിന്റെ
മന്ദാരപുഷ്പവും മണ്ണടിഞ്ഞു..

Mar 17, 2012

രോദനം..!!
ഓടക്കുഴല്‍  വിളി കേള്‍ക്കാന്‍  കൊതിച്ചെന്റെ

 ആത്മാവ് പോലും വിതുമ്പി നില്‍ക്കെ,


 പഞ്ചമം പാടുന്ന പൂങ്കുയില്‍ നാദങ്ങ-

 ളില്ല വസന്തം വിടര്ത്തിയില്ല...


കണ്ണന്റെ കാലൊച്ച കേള്‍ക്കാന്‍ കൊതിയോടെ 

ഇന്നുമീ രാധയലഞ്ഞിടുന്നു.. 


അന്തപുരത്തില്‍ മയങ്ങുന്ന കണ്ണാ നീ,


ഈ കണ്ണുനീരെങ്ങിനെ കണ്ടീടുവാന്‍?

Feb 12, 2012

കനത്തമാരി..!!
കറുത്തവാവിന്നു-കറുത്ത കാര്‍മുകില്‍
ചിറ തകര്‍ത്തു വന്നിരമ്പും പേമാരി.
വഴിവിളക്കുകളണഞ്ഞു പോകവേ,
പ്രണയം ദുഖമായ് തിരയടിക്കവേ,
മരണരാഗങ്ങളൊഴുക്കും തംബുരു
മനസ്സില്‍ മീട്ടുവാന്‍ മഴവന്നെത്തിയോ ?
കറുത്തവാവിന്നു-മുടിയഴിച്ചിട്ട് വിറച്ചു
നില്‍ക്കുന്നു നനഞ്ഞ യാമിനി.
തണുത്തകാറ്റുമീ ഇടിമുഴക്കവും
നിശാന്തയാമത്തില്‍ തുടിമുഴക്കുന്നു.
നശിച്ചോരീയലിന്‍ ദുഷിച്ച ഗന്ധവും
അടഞ്ഞ മച്ചില്‍ വന്നടിഞ്ഞു കൂടുന്നു.
അറിയുന്നേന്‍ സത്യമൊരിക്കല്‍ കൂടി ഞാന്‍
അണപൊട്ടി എന്നിലൊഴുകുന്നേന്‍ ദുഃഖം
ഉണരുന്നേന്‍ എന്നിലൊരു മൊഴി ഞാനി-
ന്നറിയുന്നേന്‍ സത്യമിതൊന്നു മാത്രമാം
പ്രണയരാഗങ്ങള്‍ മുറുകിടുമ്പോഴും
പണിതു തീരാത്തൊരടുപ്പിലെ നീറും-
വിറകുപോലെ നാം എരിഞ്ഞിടെണ്ടവര്‍.
നിറച്ച മോഹങ്ങള്‍ ഉണര്‍ത്തുവാന്‍ പോലും
കഴിഞ്ഞിടാതെ നാം ഇരുട്ടിലാഴുന്നു..
തനിച്ചു രാത്രി ഞാന്‍ തളര്‍ന്നുറങ്ങുമ്പോള്‍
കൊതിച്ച സ്വപ്നവും പൊലിഞ്ഞു പോകുന്നു.
കരുണവറ്റുമീയരണ്ട സ്നേഹത്തിന്‍
കരിന്തിരിയിനി കെടാറായെങ്കിലും,
കിഴക്കുദിക്കെന്നും വിരിയും പൂക്കളില്‍
ഉണര്‍ത്തു പാട്ടുമായ് വരുന്നു ദേവനും...!!