Dec 18, 2011

പൂന്തോട്ടം ..!!




എന്റെ മനസ്സിന്റെ വിങ്ങലാല്‍ ഞാനൊരു
നല്ല പൂന്തോട്ടം പണി കഴിച്ചു.

എന്നെന്നുമെന്നിലെ അശ്രു ബിന്ദുക്കളാല്‍
ഞാനെന്‍ മലര്‍വാടി നനച്ചു പോന്നു.

എന്നാത്മ ദുഖങ്ങളാകും വളങ്ങളാല്‍
എല്ലാ ചെടികളും ഞാന്‍ വളര്‍ത്തി.

എന്റെ നെടുവീര്‍പ്പുകളാ മലര്കാവിലോ
മന്ദാനിലന്‍ പോല്‍ തഴുകിനിന്നു .

മുല്ലയും പിച്ചിയും ചെമ്പനീര്‍ പൂക്കളും
എന്റെ പൂങ്കാവില്‍ സുഗന്ധമേകി.

അല്ലിയും, ലില്ലിയും, ചെമന്തിയും,
നല്ല ചെത്തിയും, മന്ദാര കോളാമ്പിയും
എന്റെ വനജോത്സ്ന്യക്കു വര്‍ണമേകി ..

ആദിത്യദേവന്റെ ശോഭ തോറ്റീടുന്ന .
സൂര്യകാന്തിപൂക്കള്‍ പുഞ്ചിരിച്ചു .

എന്റെ മലര്‍വാടി തന്നിലെ പൂവില്‍ ഞാന്‍
എന്റെ മോഹങ്ങള്‍ നിറച്ചുവച്ചു.

പിന്നെയേതോ,പ്രഭാതത്തിലെന്‍ മോഹങ്ങള്‍
പൂവിന്‍ ദളം പോല്‍ നിലത്തു വീണു.

എന്റെ സ്വപ്നങ്ങളും എന്റെ മോഹങ്ങളും
ദുഖവും മണ്ണില്‍ ലയിച്ചു ചേര്‍ന്നു..!!

Nov 10, 2011

വിസ്മൃതി..!!

വിടേ ഞാനേകയരികിലെ നെയ്‌ വിള-
ക്കെരിയവേ
നാളം പതുക്കെതാഴവേ
അരികെയെതോ വസന്തത്തിന്‍ നറുമണം,
അകലാതെ നില്പൂ മനസ്സിന്റെയുള്ളില്‍.
പകുതിവെന്ത കരളിലെ കനവുമായി,
കവിതതന്‍ കുന്നു കേറി തളരവേ ..
ചുടലയില്‍ തണുപ്പേകുന്ന പാല പോല്‍,
കരളിലീറന്‍ പരിമളം തൂകി നീ..
നിറയുമീ കണ്ണുനീര്‍ തുള്ളികള്‍ -
കരളിലായ് ഒരു ചാലു തീര്‍ക്കുമ്പോഴോ
കവിളിലെയിരുള് കീറുവാന്‍ ,
ചിരി പൊഴിക്കുന്ന പൂര്‍ണേന്ദുവാകുവാന്‍,
ഈ പിഴക്കാത്ത ചിന്തതന്‍ പട്ടുനൂല്‍-
പുടവനെയ്യാന്‍ പുഴുക്കളെ തന്നു നീ..
പഴകി ജീര്‍ണമാം നിന്റെ ഉടുപ്പുകള്‍
പല നിറങ്ങളില്‍ തുന്നി അന്നങ്ങു ഞാന്‍.
തിരയുവാന്‍ ഒരു കാരണമായതോ
പകുതി പൊട്ടിയ സ്വപ്നകുടുക്കകള്‍.
എവിടെ വച്ചു തുടങ്ങി നീ ഭീകര
നടനമാടുവാന്‍,നാഗം ധരിക്കുവാന്‍?
പ്രണയ സന്ധ്യ തുള്ളിതുളുമ്പുന്ന നിറങ്ങള്‍
എല്ലാം കറുത്ത വാവാകുവാന്‍
അറിയുകില്ല ഞാനിന്നു നിന്‍ ചീന്തിയ
പഴയ കുപ്പായങ്ങള്‍ നോക്കിയിരിപ്പവള്‍
എവിടെ നിന്നു വരുന്നു ഈ പൂമണം,
പറയുവാന്‍ എന്റെ വിസ്മൃതി തേങ്ങിയോ?

Oct 19, 2011




നീ തന്ന സ്വപ്ന കിരീടത്തിലൊക്കെയും
നോവിന്റെ മുള്ളുകള്‍ ആയിരുന്നു,
നീ തന്ന്‍ പുഞ്ചിരി പൂക്കളിലൊക്കെയും
സ്വാര്‍ഥതന്‍ വിഷമയമായിരുന്നു.
നീ തന്ന പ്രേമ പുലരിയിലൊെക്കയും
കത്തുന്ന ഗ്രീഷ്മം തുടിച്ചിരുന്നു.
നീ തന്ന നോക്കിന്റെ സൂചി മുനകളില്‍

നീറുന്ന ക്രൂരത ഒളിച്ചിരുന്നു.

ആത്മാവിന്‍ ഹരിത വനത്തില്‍ നിനകായ്‌

പൂവിട്ട സ്വപ്നം കൊഴിഞ്ഞു പോയി..
ആശതന്‍ താളില്‍ നിനക്കായ്‌ എഴുതിയ
കവിതകളൊക്കെയും മാഞ്ഞുപോയി..

ആകയാല്‍ ഇന്നു ഞാന്‍ നിനേക്ക-
കുന്നതും ഈ കറുെപഴും വരികള്‍ മാത്രം ...!!

Oct 18, 2011

സന്ധ്യ

ഒടുവിലീ പടിവാതിലെത്ത്തി നീ സന്ധ്യേ
ഓളങ്ങള്‍ തെല്ലോഴിയാതെ...
ഒരു ഗാനമിന്നെന്റെ ചുണ്ടില്‍ വരച്ചു നീ
ഒരിടവേള തന്നു ചിരിക്കാന്‍....
ഉണരുമീ ഗാനകല്ലോലമെത്രെയോ
ഒരു തുടി മുഴക്കാനിരിക്കെ,
ഒരു വേളയെന്തിനീ വീഥിയില്‍ വന്നു നീ
തഴുകുന്നു കാറ്റിലായ്‌ മെല്ലെ..

Sep 30, 2011

വെളിച്ചം!!

സ്മൃതിയില്‍ ജീവിത മരണഗീതികള്‍
ചുരുളഴിച്ചെന്നില്‍ ലയിച്ചിടുന്നേരം,
ഒരുനാള്‍ വീഥിയില്‍ വെളിച്ചമേകുവാന്‍
കടന്നുവന്നവന്‍ നിഴലായ് നിന്നു..
ഉണരും വാക്കിന്റെ പൊരുളറിയുമ്പോള്‍
ഉരുകിവീണു ഞാന്‍ അലിഞ്ഞുപോകവേ,
ഒരു കളരവം മുഴുക്കിയെന്നുടെ ജനല്‍ച്ചില്ലില്‍
മഞ്ഞക്കിളി വന്നു ചൊല്ലി :
"അരുത് കണ്ണീരില്‍ അലിയരുത് നീ,
മിഴിവിളക്കൊന്നു കൊളുത്തി വക്കുക .
പകര്‍ത്തുക ചെറു വെളിച്ചം നിന്നുടെ
നിഴലിലും,നീലനിശയിലും മെല്ലെ"..

Sep 19, 2011

ശയ്യ..!!


എന്നെ തിരഞ്ഞിട്ടലഞ്ഞീടരുതെന്ന
വാക്കിന്നരങ്ങളെ നീയറിഞ്ഞീടുക.
എങ്ങു നീയെങ്ങുനീയെന്നു തപിക്കുന്ന

നിന്റെ മനസ്സിനെ മെല്ലെ ശപിക്കുക.

ഇന്നെന്റെ ചെപ്പിലനേകം ചുഴിയിലായ്

ചുറ്റിപിണയും പുതപ്പൊന്നു മാത്രമാം.

ഇപ്പോള്‍ വസന്തമില്ലിറ്റു വെള്ളത്തിനായ്‌

കേഴുന്ന എന്നെ തിരിച്ചറിഞ്ഞീടുക.

ഏതോ കിളിമകള്‍ പാടാന്‍ മറന്നുപോം

തെക്കോട്ടൊഴുകുന്ന ഗാനവും ഈണവും.

എന്റെ ബാല്യം ഏറെ കവര്‍ന്നോരാ-

ഒട്ടുമാവിന്‍ സുഗന്ധവുമേറുന്നു.

ചുറ്റുമെന്തിനോ തിങ്ങിനിന്നിട്ടെന്റെ

ശയ്യ നോക്കി കരയുന്നിതുറ്റവര്‍.

അഗ്നിതന്‍ നെഞ്ചിലൂറും ചുവപ്പില്‍ നീ

ആളുന്ന മൂകത തെല്ലു ശ്വസിക്കുക.

എന്നില്‍ പടരും കനലാണു നീയെങ്കില്‍,

നിന്റെ കണ്ണീര്‍ ഞാന്‍ ഉണക്കുവതെങ്ങിനെ?

എന്റെ ഏകാന്തത ആള്തിരക്കാകവേ

നിന്റെ മൌനത്തില്‍ ഞാന്‍ കൂട്ടാവതെങ്ങിനെ ?

എന്നെ
തിരഞ്ഞിടായ്കെന്ന ഉള് വിളി-

യെന്റെതു മാത്രമായ് നീയെടുത്തീടുക,

നിന്നിലെ എന്നെ തിരിച്ചറിഞ്ഞീടുക....!!!

Aug 9, 2011

കണ്ണുപൊത്തിക്കളി..

കണ്ണുപൊത്തിക്കളി..



കുഞ്ഞിളം കൈകളാല്‍ കണ്ണുപൊത്തി കൊണ്ടൊ-
രുണ്ണിയും വേഗം കളി തുടങ്ങി.
മറ്റുള്ള കുട്ടികള്‍ ഓടിയൊളിക്കുവാന്‍-
വേഗം കുതറി ചിതറിയോടി.
കണ്ണുമടച്ചങ്ങു നിന്നെണ്ണുമൊരാള്‍ മറ്റു -
കുഞ്ഞുങ്ങള്‍ വേഗം ഒളിച്ചിരിന്നു.
ചെറു കണ്ണിലായ് കൌതുകം നിവര്‍ന്നു നില്‍പ്പു,
അവര്‍, വീര്‍പ്പുമുട്ടല്‍ തുടങ്ങിവെയ്പ്പു.
കാണാതെ വന്നു തൊടുമ്പോളൊരു കടം
കണ്ടാലോ പിന്നെ കണ്‍പൊത്തലാണേ .
കാണാന്‍ രസമാണീ കുട്ടികളി,
കുട്ടികള്‍ തന്‍ ചെറു ഞെട്ടിത്തരി..
തൊട്ടവര്‍ പൊട്ടിചിരിച്ചു തിമിര്‍ക്കുമ്പോള്‍ ,
തോറ്റവര്‍ പൊട്ടികരഞ്ഞിടുന്നു.
ശണ്ഠ കൂടുന്നു പരസ്പരം പിന്നെയും,
ബന്ധം പിടിക്കും കളിതുടരും .
കുട്ടികളിങ്ങനെ തല്ലിയും, തര്കിച്ചും,
ഇഷ്ടം കലര്‍ന്നും കളിച്ചിടുമ്പോള്‍
ഈ അരയാലിന്‍ തണലത്തിരിക്കുമെന്‍
കണ്ണും,കരളും നിറഞ്ഞിടുന്നു .
നമ്മള്‍ തന്‍ ജീവിതമെല്ലാമിതുപോലെ
കേവലമായ വിനോദമല്ലോ.
പൊട്ടിച്ചിരിയും കരച്ചിലും ചേര്‍ന്ന കണ്‍ -
കെട്ടികളിയാണെന്നോര്‍ത്തു പോയി..

Jul 16, 2011

കൂട്ടുകാരന്‍
മിഴികൂമ്പി നാണിച്ചു കരളിന്റെ കോണിലായി
ഒരു മുല്ല മൊട്ടിട്ടു കൂട്ടുകാരാ..
വഴിവക്കില്‍ വച്ചു നാം കണ്ടപ്പോഴോക്കെയും
മിണ്ടാട്ടമില്ലൊരു നോട്ടമില്ല.
മഴപെയ്തുതോര്‍ന്നൊരു പായല്‍ പരപ്പിലും
പരിചയകേടിന്‍ വഴുക്കലന്നു.
വെയിലാറി നില്‍ക്കുന്ന സന്ധ്യ നീട്ടി തന്നു
കനക മൈലാഞ്ചി ചെപ്പെനിക്ക്.
ഒരു നാട്ടിലെങ്കിലും ഇരുവീടിലെങ്കിലും
ഒരു വഴിയിലെന്നറിഞ്ഞതില്ല.
കദന രാഗങ്ങളെ പാടി പുകഴ്ത്തുന്ന
കരിമഷി എഴുതിയ നായിക ഞാന്‍.
നിന്റെ തൂലിക തുമ്പിലെ വരികളോ
അനുഭൂതിയേകും മഴ ചാറ്റല്‍ പോലെ
അറിയാമെനിക്കു നീ കാണുന്ന സ്വപ്നവും
അനുരാഗ മധു നിറക്കാനുള്ള ഭാവവും.
കരളിലായി മോട്ടിട്ടിഴചേര്‍ന്ന വല്ലികള്‍
നിഴലാണ്‌ നിദ്രയില് കൂട്ടാണ് .
ഒരു ചെറു കാറ്റായി നിശീഥിനിയില്‍
വന്നു തഴുകുന്ന കുളിരാണ്,ഓര്‍മ്മയാണ്.
മുറ തെറ്റി മുന്നിലെത്തും കനവേ,
നിന്നെയും കാത്തു ഞാൻ   നില്പുണ്ടേ...

Jun 30, 2011

കൂട്ടുകാര്‍

തമ്മിലറിയാതെ മധ്യാഹ്ന വേളയിലിത്തിരി
തണല്‍ േതടിയീ മരച്ചോട്ടില്‍ നാമെത്തവേ....
മിഴികള്‍ നനയുന്നുവോ ?

എന്നും നാം ഒരുമിച്ചുപാടിയപാട്ടിന്റെ
ഈണം
വീണ്ടുമുണരുന്നുവോ ?

അകലെ നിന്നെത്തുന്ന വാഹനം നോക്കി നാം
അറിയാതെയറിയാതെ കാതുനിന്നീടവേ
ഇരുവഴിക്കാണു നാം യാത്ര എന്നാകിലും
ഇരുവഴിക്കായിരുന്നെന്നുമീ യാത്രയെ-
ന്നറിയുമെന്നാകിലും നിമിഷങ്ങള്‍-
തന്‍ മധുരവും നീറ്റലും നുകരുക നാമിനി .
അകലങ്കളില്‍ നിന്നോരാരവം വണ്ടിക-
ളണയുന്നുവോ ?നമ്മള്‍ പിരിയുന്നുവോ?
വീണ്ടും സന്ധ്യയിലേതോ വിദൂരമാം -
പ്രിയഭൂവില്‍ വന്നെതുമെന്നു നിനച്ചുകൊ-
ന്ടിനി നാം ഇരുവഴിയിലൂടെ മടങ്ങുക !!

Jun 29, 2011

മധുരം

മധുരമായ് ശ്രുതി മീട്ടും വീണതന്‍ തന്ത്രിയില്‍
ഈണമായ് നീ അന്നൊളിച്ചിരുന്നു ..
നേര്‍ത്തൊരു തന്ത്രിയില്‍ നീയോ,നിലാവോ
വിസ്മയമായ് ഒന്നു പുഞ്ചിരിച്ചു .
നിറമാര്‍ന്ന കനവുകള്‍ പൂവിട്ടു എന്നിലായ്
നിനവില്‍ കവിതകള്‍ എഴുതിവച്ചു.
അറിയാതെ കുയില് പോല്‍ പാടിയോരീണങ്ങള്‍
കേള്കുവാന് നീയോ വിസമ്മതിച്ചു.
പുഞ്ചിരി തൂകി നില്കുന്നു ഞാനിന്നു
ആ ദിനങള്‍ തിരിച്ചെത്തുവാന്‍
ഒരു മധുര സ്മരണയില്‍ ഓര്‍ക്കുമോ നീ
എന്നെ സ്നേഹിചിരുന്നോരാളായി മാത്രം .....

Jun 22, 2011

ശാപം ..!!


കാല്‍ തെന്നി വീഴുന്ന കൌമാരമേ,പൊന്പുലര്‍-
വേളകള്‍ കാണാന്‍ കഴിയാത്ത ശാപമേ !
ഏതോ ലഹരിതന്‍ കട്ടി പുകച്ചുരുള്‍
തീര്‍ക്കും കനലില്‍ കുരുക്കുന്ന ജീവിതം,
നാടിന്റെ നെഞ്ചിലെ തീക്കനലായമ്മ
നെഞ്ചില്‍ കനക്കും കിനാവറിയാത്തവന്‍ ..
തകരുന്നോരമ്മതന്‍ നിര്‍മ്മല സ്വപ്‌നങ്ങള്‍
ചിതറുന്നിതാ വിണ്ണില്‍ എല്ലാ മുഖത്തിലും .
പെറ്റമ്മ കരയുന്നു, പോറ്റമ്മയാം നാടും
തെറ്റുന്നു രാഗവും ഓമനത്തിങ്കളില്‍.
ഗദ്ഗദം പൊട്ടിത്തെറിച്ചു വിതുമ്പവേ
എതോരാര്‍ത്ത സ്വരമയമാകുന്നു,ഇവ -
നാടിന്‍റെ നാഡികളില്‍ ആടി മയങ്ങുന്നു
തകരുന്നൊരായിരം നാടിന്‍ പ്രതീഷകള്‍,
തളരുന്നു ആയിരം കൌമാര സ്വപ്‌നങ്ങള്‍,
ഇരുളടഞ്ഞാഴ്‌ന്നു പോവുന്നോരീ കനവുകള്‍
വിരിയുമോ കാലത്തിന്‍ നവ്യ തേജസ്സിനായ് ??
പോരുക നാടിന്‍റെ നല്ല സ്വപ്നങ്ങളെ ഗുഹാ -
വാതില്‍ തുറന്നു നാളെയുടെ പുലര്‍വേള കാണുക

Jun 14, 2011

അണ്ടിയോ മാങ്ങയോ ??അണ്ടിയോ മാങ്ങയോ ??
കുട്ടനും ചേട്ടനും തര്‍ക്കമായി,
തര്‍ക്കം മുഴുത്തപ്പോള്‍ ശണ്ഠയായി
ശണ്ഠ മുഴുത്തതു ഗുസ്തിയായി,
മുത്തശ്ശി
യെത്തി മധ്യസ്ഥയായി..
തര്‍ക്കമെന്താണെറിഞ്ഞീടുകില്‍,
മൂത്തവന്‍ മാവാണോ അണ്ടിയാണോ?
അച്ഛനും അമ്മയും ചിരിച്ചീടുന്നു,

അത്ഭുതം കണ്ടങ്ങു നിന്നിടുന്നു.
തൊണ്ണൂറു താണ്ടിയ മുത്തശ്ശിയോ
തെല്ലൊന്നു ശക്തിയായ്‌ ഊന്നി നിന്നു .
തര്‍ക്കത്തിനപ്പോള്‍
വിരാമമായി..
ഭൂമിയിലാദ്യമായി മാമരങ്ങള്‍,
ആ മട്ടില്‍ തന്നെ സൃഷ്ടിച്ചു ദൈവം ..
വീണ്ടും മരങ്ങളുണ്ടാകുവാനായ്,
കായ്കള്‍ സൃഷ്ടിച്ചു പിന്നെ അവന്‍..
ചേട്ടനും കുട്ടനും കേട്ട് നിന്നു
പിന്നെ അവരും ചിരിച്ചു പോയി..

Jun 12, 2011

പിന്നിട്ട വഴികള്‍ !!


എന്‍ സ്മൃതി പഥങ്ങളില്‍ ചിതറുന്ന തൂവലുകള്‍
ഒന്നിച്ചെടുതെന്റെ ചിറകാക്കി മാറ്റിെയന്
പിന്നിട്ട വഴിയിലെ പച്ചപ്പു കാണുവാന്‍
അസ്തമിക്കും മുന്പു യാത്രയാകുന്നു ഞാന്‍.
ഉദയത്തിലായിരം ശംഖൊലി കേള്ക്കുവാനു-
ണ്മതന്‍ കിളിനാദം ഒന്നിച്ചു കേള്കുവാന്‍,
പല പല പൂവുകള്‍ വിടരുന്ന കാണുവാന്‍ അതില്‍ ,
കുളിരിടും കാറ്റിന്റെ നറുമണം നുകരുവാന്‍
ചെമ്മണ്‍ വഴിയിലൂടുച്ചിയിലര്‍ക്കന്റെ
ഉല്കട താപവുമേറ്റി നടക്കവേ ,
കുന്നിന്‍ മുകളിലെ വെണ്മുകില്‍ കൈകളാല്‍
വെള്ള പുഷ്പങ്ങളെ ഹൃത്തില്‍ വിടര്‍ത്തി ഞാന്‍
ഒടുവിലീ പടി വാതിലെത്തി,ഒരു നിശ്വാസം വിടര്‍ത്തി...

May 14, 2011

ഉഴലുന്നു,അറിയുന്നു ..!!


ഒരു പാട്ടുഴലുന്നു,ഒരു കാറ്റില്‍ അലയുന്നു
ചിതറും മഴ നനയാതെ,ജനലൊക്കെ തഴുതിട്ടു .
മണ്ണിന്റെ മണം താനെ അറിയുന്നു എവിടെന്നോ ..
പുറമേക്കിനി വഴിയില്ല,പുറവാതില്‍ അടച്ചല്ലോ
പുറമെല്ലാം ഇരുളെന്നീ അകമേ നിന്നറിയുന്നു..
ഉലയാടും ഇലയെല്ലാം വീഴുന്നു, പറകുന്നു
മഴയാര്‍ത്തു ചിരിക്കുന്നു,മാനം അട്ടഹസിക്കുന്നു
മുറിയില്‍ ഇരുളകലാനായ് ഒരു തിരി കൊളുത്തി ഞാന്‍..
വെട്ടം നിറയുമ്പോള്‍ ,അകതാരില്‍ കുളിരുന്നു
തൊഴുകൈയാല്‍ നില്കുന്നു ,വഴിയേതെന്നറിയുന്നു
അകതാരില്‍ പകലിന്റെ പലപൂവുകള്‍ മൊട്ടിട്ടു ...

മയക്കം..!!


രു രാവിലന്നു ഞാന്‍ വെറുതെ ‍മയങ്ങാന്‍ കിടന്നു,
വ്യഥ പൂണ്ടുറക്കത്തിലാഴവേ മെല്ലെ
ഒരു കളവേണു ഗാനമോ കേട്ടു..
മധുരമാം ഗാനത്തില്‍ ആദ്യമായ്
ഞാനെന്റെ കരളിലെ ദേവനെ കണ്ടു..
ചിറകു മുളക്കാത്ത എന്നുടെ മോഹങ്ങള്‍
പുലരിതന്‍ കാലൊച്ച കേട്ടു ..
സന്ദാപ ,സന്തോഷ രാഗങ്ങള്‍ പാടുന്ന
പൊന്നിന്‍ വിപഞ്ചിക പോലെ,
കണ്ടു ഞാനെന്‍ ദേവനെ അന്നങ്ങു -
നല്ല ശശിലേഖ പോലെ,
പെട്ടെന്നുണര്‍ന്നു ഞാന്‍ ഞെട്ടിത്തിരിയവേ
കണ്ടില്ല ദേവനെയെങ്ങും...
എന്നുടെ കുഞ്ഞു മനസിന്റെ വേദന
ദേവ‍നറിഞ്ഞതുമില്ല...
പാടിപ്പതിഞ്ഞ കദനങ്ങളാലെന്റെ
മാനസം മുരടിച്ചുപോയി,
വാടിക്കരിഞ്ഞ മുഖത്തിന്‌ കണ്ണുനീര്‍
ചാലുകള്‍ തീര്‍ക്കുന്ന നേരം
വെറുതെ,കരയിക്കുവാന്‍ എന്തിനീ
കദന കിനാവുകള്‍ മാത്രം ??..!!

Apr 7, 2011

കരിഞ്ഞ കിനാക്കള്‍.....!!


കരിഞ്ഞ കിനാക്കള്‍.....!!



ഇവിടെയെങ്ങുമേ മീനമാസത്തിലെ
പൊരിവെയിലില്‍ കരിയുന്നു സര്‍വവും
നനുനനെ പൂത്ത സ്വപ്നം പടര്‍ന്നോരെന്‍
മനമെവിടെ എന്‍ ആത്മാവുമെങ്ങു പോയ്‌ ?
എവിടെയെന്‍ മിഴിമുന്നില്‍ ഞാന്‍ വച്ചതാം
പലവെളുത്ത കടലാസു പാളികള്‍?
എവിടെയെന്‍ കുഞ്ഞു പെന്‍സിലും,പേനയും
എഴുതുവാനൊരുകൂട്ടം കിനാക്കളും?
കരിപുരണ്ടുവോ മാമകരാഗങ്ങള്‍ ഒരു -
കഥമെനഞ്ഞുവോ മാമകചിത്തവും ?
എവിടെയെന്‍ കണ്ഠനാളത്തിലൂറിയ
ലളിതമാം ഗാനകല്ലോല വീചികള്‍?
മനമലിഞ്ഞൊന്നു പൊട്ടിച്ചിരിക്കുവാന്‍
മധുരസങ്കല്‍പ ഗോപുരങ്ങള്‍ കെട്ടി
നിഴലറിയാതെ ചാഞ്ഞു മയങ്ങുവാന്‍
കഴിവതില്ലയോ മറ്റൊരു നാളിലും??

Mar 12, 2011

കഠോരം..!!


ഇരുട്ട് മൂടിയ വഴിയിലൂടൊരാള്‍
ഇടവപാതിയില്‍ വരുന്നുവോ??
കതിര് ചായുന്ന വരമ്പിലൂടെ ഞാന്‍
പെരുത്ത കാലടി കേട്ടുവോ?
ഇടവഴിയിലെ തണലിടും ഞാവല്‍-
ക്കനി അഴുകിയ കറയുമായ്‌,
തൊടിയിലൂടെന്റെ പടികടന്നെത്തി
ഉയിരിന്‍ വാതിലില്‍ നിലകൊണ്ടു..
പരിചിതനാണെന്നിരിക്കിലും,
അതിഥിയല്ലയീ എനികൂ നീ
വിടപറയുന്ന വരവിതെന്തിനു
കരളില്‍ മോഹങ്ങള്‍ തഴുകവേ ??

എത്രെയോ ദൂരം..!!

എത്രെയോ ദൂരം..!!



കഥമോഴിഞ്ഞു വരുന്നു മൂവന്തികള്‍,
കവിതപാടിയുറക്കുന്ന രാവുകള്‍,
കുളിര്‍വിരലാല്‍ തഴുകും പുലരികള്‍,
കളകളറ്റതാം കര്‍മവിളനിലം..
പകുതിവെന്ത കരളിലെ കനവുമായി ,
മിഴിനീര്‍ വറ്റിയ ഇരുനയനങ്ങളാല്‍
ഇനിയുമെത്രെയോ ദൂരം നടക്കണം
കനിവു പൂക്കുന്ന തീരത്തിലെത്തുവാന്‍
വൃണിത പാദങ്ങള്‍ നീറുന്നു മാമകം..
മരണരോദനം ഏറുന്നു ദിക്കിലായ്
പഴയോരോര്‍മയായ് മങ്ങിപൊലിഞ്ഞുപോയ് -
പഴമൊഴികള്‍ തന്‍ ഉണ്മകളറ്റു പോയ്

Jan 5, 2011

ഗ്രാമം

പുലരും മുന്പെയെന്‍ കൊച്ചു ഗ്രാമത്തിന്‍
കുറുമൊഴി കേട്ടുണരും ഞാനെന്നും..

അകെലയാദ്യമായ് ഘടികാരം കണ-

ക്കൊരു കോഴി ഉണര്തുമെന്‍ ഗ്രാമം.

പുഷ്പദളങ്ങളില്‍ മഞ്ഞു പതിക്കവേ എന്തോ-

രനുഭൂതിയേകും നിറഞ്ഞ പുഞ്ചിരി

കുളിര്‍തെന്നല്‍ പുല്കെ ദളങ്ങള്‍ മര്‍മര-

പ്രണയശില്കാരം പൊഴിക്കും ഹ്ര്‍ദ്യമായി

ഒരു പറ്റം കാക്ക കുശുംബികളപ്പോള്‍

വഴക്കുവക്കും ആ വഴക്കിനും രസം,

ഇടയ്ക്കു പൂങ്ങുയില്‍ മധുരമായ് പാടും

ആ ശ്രുതിയില്‍ ചാഞ്ഞാടും ഒരു ചെറു പുഷ്പം.

മധു നിറച്ചൊഴുകുന്ന നല്ലോരരുവി തന്‍
കളരവത്തില്‍ മുങ്ങിടും ചെറുനാമ്പും,

മണിച്ചെപ്പ്‌ കിലുകിലുക്കി വണ്ണാത്തി

കിളികളവ്യ്ക്ത മധുരമായ് പാടും,

സ്വരങ്ങളാല്‍ വിരുന്നോരുകും പൊന്നുഷ
-
സ്സുണരുവാനായി നിറഞ്ഞു പ്രാര്‍ഥിച്ചും ,

പുലരുവാനായി കാത്തിരിക്കും നിലാവൊളി -

തൂകും എല്ലാ നിശയിലും ഞാനും...